മുജാഹിദ് സംഘടനാ നേതാക്കൾക്ക് ഒരു തുറന്ന കത്ത്.....



അസ്സലാമു അലൈക്കും

മുജാഹിദ് സംഘടനാ നേതാക്കൾക്ക് ഒരു തുറന്ന കത്ത്.....

ബഹുമാന്യരെ,
2016 ഡിസംബർ 20 മുതൽ മുജാഹിദ് ഇരു വിഭാഗങ്ങളും ( സി ഡി ടവർ, മർകസുദ്ദഅവ) ഐക്യപ്പെട്ട് മുന്നോട്ട് പോകാൻ തീരുമാനിച്ചതായിരുന്നുവല്ലോ. പരസ്പരമുള്ള പരിഗണനയും സ്നേഹവും കൊണ്ടാണ് ഏത് ഐക്യവും നിലനിൽക്കുക.

കോഴിക്കോട് സൗത്ത് ജില്ലയിലെ ചാലിയത്തുള്ള എം.എസ്.എം പ്രവർത്തകർക്ക് പക്ഷേ ആ ഐക്യത്തിന്റെ മധുരത്തിനു പകരം കൈപ്പാണു അനുഭവിക്കാൻ കഴിഞ്ഞത്. ഐക്യ ശേഷമുള്ള കോഴിക്കോട് സൗത്ത് ജില്ലയുടെ പ്രസിഡന്റായിരുന്ന റഹ്മത്തുള്ള ചാലിയം യൂണിറ്റിൽ പല വിധേനയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുണ്ടായി. സഹവർത്തിത്തത്തോടെ മുന്നോട്ടു പോകുന്നതിന് പലപ്പോഴും അദ്ദേഹം തടസ്സമായിരുന്നു എന്നതായിരുന്നു സത്യം. പല സന്ദർഭങ്ങളിലായി ഞങ്ങൾ വാക്കാൽ പരാതികൾ നൽകുകയുമുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ കുതന്ത്രങ്ങളും ഭീഷണികളും അധികരിക്കുകയല്ലാതെ മറ്റു പുരോഗതികളൊന്നുമുണ്ടായിരുന്നില്ല.

എന്നാൽ 2017 സപ്തംബർ 29 ന് നടന്ന കോഴിക്കോട് ജില്ലാ സമിതിയുടെ ഹൈസെക്ക് ഐക്യത്തോടെ നടത്താൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അത് ഒരു വിഭാഗം മാത്രം നടത്തുന്നതാണ് എന്ന സന്ദേശം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ, (പ്രത്യേകിച്ച്, ഫറോക്ക്, മാങ്കാവ്) പ്രവർത്തകർക്ക് കൈമാറുകയും ചെയ്തതിനെ തുടർന്ന് KNM കോഴിക്കോട് സൗത്ത് ജില്ലാ സംഘടനാ കാര്യ സമിതി മുൻകൈയെടുത്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയുണ്ടായി. അദ്ദേഹം എഴുതി വിട്ട ഒരു മെസ്സേജിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടെങ്കിലും ആ കുറിപ്പു പല ആളുകളിലും ഹൈസെക്കിനോട് നിസ്സഹകരണം പുലർത്താൻ കാരണമായിട്ടുണ്ട്. അത് ജില്ലയിലെ പ്രവർത്തകർ അനുഭവിച്ചതാണ്. ജില്ലാ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടെങ്കിലും ചാലിയം ശാഖയിൽ അദ്ദേഹം വീണ്ടും പ്രശ്നങ്ങൾ തുടരുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ ശാഖയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിലവാരം കുറഞ്ഞ തരത്തിൽ ഒരു വിഭാഗത്തെ പരിഹസിക്കുകയും ചർച്ചയുണ്ടാക്കുകയും ചെയ്ത സന്ദർഭത്തിൽ ശാഖാ സെക്രട്ടറി അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി. അതിനെത്തുടർന്ന് പല കോണുകളിൽ നിന്ന് നിരന്തരം ഭീഷണികളുയർത്തുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ നാക്കു കൊണ്ടും വിരലുകൊണ്ടുമെല്ലാമുള്ള കയ്യേറ്റങ്ങൾക്കു പുറമെ പള്ളിയിൽ വെച്ച് ശാഖാ സെക്രട്ടറിയെ ശാരീരികമായി കയ്യേറ്റം ചെയ്യുകയുമുണ്ടായി.

സഹനത്തിന്റെ സർവ പരിധികളും കണ്ടു കഴിഞ്ഞു. ഞങ്ങൾ അറിഞ്ഞ , ഞങ്ങൾക്ക് കാണിച്ചു തന്നിരുന്ന സംഘടനാ പ്രവർത്തനങ്ങൾ ഈ രൂപത്തിലായിരുന്നില്ല.
നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ആളുകളെ ഞങ്ങൾക്ക് നേതാക്കളായി കാണുക സാധ്യമല്ല.

ഇദ്ദേഹം ഇപ്പോഴും MSM സംസ്ഥാന ഭാരവാഹിയും CD ടവറിലെ സ്ഥിര സാന്നിധ്യവും പലരുടെയും വലംകയ്യുമാണ്

കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കാതെ സത്വര ശ്രദ്ധ പതിപ്പിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുക മാത്രമാണ് വഴി. സഹവർത്തിത്തവും നീതിയും പ്രസംഗപീഠങ്ങളിൽ പ്രസംഗിക്കാൻ മാത്രമുള്ളതല്ലല്ലോ. വേണ്ട നടപടികളില്ലാത്ത പക്ഷം പുതിയ തലമുറയുടെ നാശത്തിനുള്ള വളമായേക്കുമത്.


പ്രതീക്ഷയോടെ..
ചാലിയം ശാഖാ MSM പ്രവർത്തകർ

അന്ന് 'ആദർശവ്യതിയാനം' ഇന്ന് 'അനുസരണയില്ലാത്ത യുവത്വം'



കേൾക്കാൻ നല്ല രസമുള്ളതാണ്. യുവാക്കളെയും വിദ്യാർഥികളെയും ശണ്ഡീകരിച്ച്, സ്വന്തമായി അഭിപ്രായവും നയ-നിലപാടുകളും ഇല്ലാത്ത വെറും ചവറുകളാക്കി മാറ്റുന്ന പരിപാടിയാണിപ്പോൾ ഐക്യമുജാഹിദുകളുടെ സംസ്ഥാന നേതൃത്വവും അവർക്ക് ഓശാന പാടുന്ന സൈബർ ജിഹാദികളും നടത്തിക്കൊണ്ടിരിക്കുന്നത്.

മുജാഹിദുകളുടെ യുവതക്ക് ഒരു നയവും നിലപാടുമൊക്കെ ഉണ്ടായിരുന്നു. സ്വന്തമായ അസ്തിത്വവും ആർജ്ജവവും പ്രവർത്തന സ്വാതന്ത്ര്യവുമൊക്കെ ഉണ്ടായിരുന്നൊരു കാലം 2000-ത്തിനും മുമ്പുള്ള ഐ എസ് എം,  എം എസ് എം  പ്രവർത്തന മിനുട്സുകളും 2002 നുശേഷമുള്ള സിഡി ടവർ ഐ എസ് എം, എം എസ് എം മിനുട്സുകളും എടുത്തു വെച്ച് ഒരു താരതമ്യ പഠനം നടത്തുന്നവർക്ക് ബോധ്യമാകുന്ന കാര്യമാണ്.

അന്നൊക്കെ കേ എൻ എമ്മിന്റെ യുവജന വിഭാഗമായ ഐ എസ് എമ്മായാലും, വിദ്യാർഥിവിഭാഗമായ എം എസ് എമ്മായാലും അവരുടെ സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കാനും വളർത്തിക്കൊണ്ടു വരുവാനും അവർക്ക് കഴിയുമായിരുന്നു. ഇന്ന് സംസ്ഥാന കമ്മിറ്റികളെ മാതൃസംഘടനയായ കെ എൻ എം നിയമിക്കും. അവിടുത്തെ മാനാത്തൊടി ഫാൻസുകാരായ ആശ്രിതവത്സരെ മാത്രം തിരഞ്ഞുപിടിച്ച് നേതൃസ്ഥാനങ്ങളിലെത്തിക്കും. പിന്നീട് ആ നേതാവിന്റെ ആശ്രിതവത്സരായ കുഞ്ഞാടുകൾ ജില്ലാ സമിതിയെ പ്രഖ്യാപിക്കും, അവർ മണ്ഡലം സമിതികളെയും അവർ ശാഖാ സമിതികളെയും പ്രഖ്യാപിക്കും. ഇതിലൊക്കെ കെ എൻ എമ്മുകാരായ തലമൂത്ത കാരണവന്മാരുടെ ഇടപെടൽ നിർബന്ധം.

പിളർപ്പിനു മുമ്പ് ഇങ്ങനെയായിരുന്നുവോ? ഇന്നലെ കേറിവന്ന കുഞ്ഞാപ്പുകൾക്കും, ജോലിയും, വീടും, കാറും തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ വാരിക്കൂട്ടിയ ഗ്ലോറിഫൈഡ് പ്രസംഗത്തൊഴിലാളികൾക്കും ഇതൊന്നും അറിയുകയില്ലല്ലോ!

ഇപ്പോൾ പാവപ്പെട്ട അനുയായികളെ വരുതിയിലാക്കാൻ പറയുന്ന വാചകമാണ് തലക്കെട്ടായി മുകളിൽ കൊടുത്തത്. അനുസരണയില്ലാത്ത യുവത്വം എന്ന വ്യാപക പ്രചാരണം. പറയുന്നതു കേട്ടാൽ ആരായാലും ഒന്നു ശങ്കിച്ചു പോകാതിരിക്കില്ല. കാരണവന്മാരെ അനുസരിക്കാത്ത യുവാക്കളും കുട്ടികളും വളരെ മോശം ഇമേജായിരിക്കുമല്ലോ മറ്റുള്ളവരിൽ ഉണ്ടാക്കുക. എത്ര നല്ല ഐഡിയ! കുതന്ത്രക്കാരായ തലനെരച്ചപ്പൊ അധികാരസ്ഥാനങ്ങളിൽ നിന്ന് ആട്ടിയകറ്റപ്പെടുമെന്ന ഭയം കൊണ്ട് ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കിയ കാപാലികരായ ചിലരുടെ കുരുട്ടുബുദ്ധിയിൽ ഉദയം ചെയ്തതു തന്നെയായിരിക്കും ഈ പ്രയോഗവും. പണ്ട് സംഘടനാ പിളർപ്പിൽ സാധാരണക്കാരെ കൂടെ നിർത്താൻ കണ്ടുപിടിച്ച വാക്കായിരുന്നു ‘ആദർശവ്യതിയാനം‘ എന്നത്. ഇന്നത് ‘അനുസരണയില്ലാത്ത യുവത്വം‘ എന്നാക്കി പരിഷ്കരിച്ചിരിക്കുന്നു എന്നുമാത്രം.

നിങ്ങളീ പറയുന്ന അനുസരണയില്ലായ്മ, നേതാക്കളെ അനുസരിക്കുകയും അവരെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്തിരുന്നു എങ്കിൽ ഇന്ന് കേരളക്കരയിൽ മുജാഹിദുകൾ ഉണ്ടാകില്ലായിരുന്നു. വന്ദ്യവയോധികരായ സുന്നി പണ്ഡിതർ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തും, അവകളോട്, അവരോട് ‘അനുസരണക്കേട് കാണിച്ചും‘ തന്നെയാണ് കേരളത്തിൽ മുജാഹിദു പ്രസ്ഥാനം വളർന്നു പന്തലിച്ച്, നിങ്ങൾക്കൊക്കെ ഇതുപോലെ അമ്മാനമാടാൻ കഴിയുന്ന തരത്തിൽ അനുയായികൾ ഉണ്ടായിതീർന്നത്. വീണ്ടും അന്നത്തെ മുസ്ല്യാക്കൾ പറഞ്ഞിരുന്ന ‘കാക്ക കാരണവന്മാരെ അനുസരിക്കാത്ത യുവത്വ‘മായി മുജാഹിദ് യുവാക്കളെയും കൗമാരക്കാരെയും നിങ്ങൾ ആക്ഷേപിക്കുകതന്നെയാണെങ്കിൽ, കാലം നിങ്ങൾക്ക് മറുപടി നൽകുക തന്നെ ചെയ്യും. കാലത്തിന്റെ ആ മറുപടി താങ്ങാൻ അന്നു നിങ്ങൾക്ക് കെല്പുണ്ടാവുകയില്ല. റബ്ബ് നിങ്ങളെ വെറുതെ വിടുമെന്നും കരുതണ്ട.... പതിനായിരങ്ങളുടെ പ്രാർഥന നിങ്ങളുടെ കുതന്ത്രങ്ങൾക്കെതിരെ അവനിലേക്കുയരുന്നുണ്ട്... ഉള്ളിലൊന്നു പറയുകയും ചെയ്യുകയും പുറത്തേക്ക് കള്ളക്കണ്ണീരൊഴുക്കി തൊണ്ടകീറുകയും ചെയ്യുന്ന നിങ്ങളെ പോലെയുള്ള കപടന്മാരെ പോലെയുള്ളവരല്ല അവർ. തഖ്‌വയും ഇഖ്‌ലാസും ഈമാനും ഉള്ള യുവാക്കളും കൗമാരവും സ്തീകളും കാരണവന്മാരുമൊക്കെയുണ്ട്. കാത്തിരുന്നുകൊള്ളുക...

-ജുനൈദ് റഹ്‌മാൻ